ആദ്യ ചുംബനം പല്ലിൽതട്ടിത്തകർന്നത്
നീ ചിരിച്ചത്കൊണ്ടല്ലേ...?
പിന്നീടാണറിഞ്ഞത് ചുംബനം, ഒന്നാകുവാനുള്ള
ആത്മാക്കളുടെ വഴിതേടലാണെന്നു....
നാവും നാവും കൂട്ടികുരുക്കിട്ട് പരസ്പരം
കൊളുത്തിവലിച്ചു നമ്മൾ നമ്മിലേക്കൊരുപാട്
ഓരോ തവണയും ഏറെകഴിയുമ്പോൾ അറിഞ്ഞു നമ്മൾ
നമ്മിൽ കയറി ഒന്നാകാൻ ചുടു ചുംബനങ്ങൾമാത്രം പോരാ
ആ ഒരറിവിൽ..ഒന്നാകുവാനുള്ള വ്യഗ്രതയിൽ
മറുവഴി തേടി പരതി നാം നമ്മിൽ
നാലു കൈകൾ മരണ വെപ്രാളമോടെ...ഒടുക്കം
ആകുന്ന വഴിയൊക്കെ ആഞ്ഞാഞ്ഞു ശ്രമിച്ചു..
എന്നും..എല്ലാ ശ്രമങ്ങൾക്കുമവസാനം
ആത്മാക്കളുടെ ലയനപാതകളിലെ കുതിപ്പിൽ
പിൻ വിളിയായ് നശിച്ച രതിമൂർച്ഛ...നിരാശരായ്
ആത്മാകളുടെ തിരിഞ്ഞു നടത്തം
പ്രണയത്തിൻ തിരിഞ്ഞു കിടത്തം...
ഇനിയുമൊരുനാൾ വരും
ശരീരങ്ങൾക്കപ്പുറം ആത്മാവും പ്രണയവും വിജയിക്കുമൊരുനാൾ
ഒന്നാകുവാനുള്ളയാത്രകളിൽ കുതിപ്പുമാത്രം..
കിതപ്പും രതിമൂർച്ഛയുമില്ലാതെ..
ഒടുവിലൊടുവിൽ നമ്മൾ
മസ്തിഷ്കത്തിൽ ഞരമ്പുകൾ പിളർന്നു
ശ്വാസകോശം പൊട്ടിത്തെറിച്ച്
ഹൃദയം തകർന്നു വൃക്കകൾ വരണ്ട്
കൈകൾകോർത്ത് കിടക്കും
നമ്മളൊന്നായ് ചീയും പുഴുവരിക്കും
തലച്ചോറുകൾ ഒരുമിച്ച് ചീഞ്ഞളിഞ്ഞ് ഒഴുകും
പണ്ടങ്ങളുംകുടലുകളും ഒന്നായ് അഴുകി മണ്ണടിയും
വാരിയെല്ലുകൾക്കിടയിൽ വാരിയെല്ലുകൾതിരുകി
ഒടുക്കത്തെ ആലിംഗനത്തിൽ നമ്മളുറങ്ങുമ്പോൾ
അപ്പോഴും ഒന്നാകാൻ രണ്ടാത്മാക്കൾ അലഞ്ഞു നടപ്പുണ്ടാകും.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ