2010, സെപ്റ്റംബർ 11, ശനിയാഴ്‌ച

ഹാങ്ങ്‌ ഓവര്‍

ഹാങ്ങ്‌ ഓവര്‍
ഇരുള്‍ കൂട്ടികെട്ടിയ കണ്‍ പോളകള്‍
കെട്ടു പൊട്ടിച്ച് വെളിച്ചത്തിന്‍ പരലുകളെ
കണ്ണിലേക്ക് കുത്തി കേറ്റി...
അന്യഗ്രഹത്തിലെ ഈ കിടപ്പ് മതിയാക്കി
ഇനി ഭൂമിയിലൊന്നു എണീറ്റിരിക്കണം
കിടപ്പില്‍ നിന്ന് പ്രകാശവര്‍ഷങ്ങള്‍ താണ്ടി
എഴുന്നേറ്റ് ഇരുന്നപ്പോള്‍
തലയിണയില്‍ പടര്‍ന്നു കിടന്ന തലച്ചോര്‍
തലയിലേക്ക്‌ വലിഞ്ഞു കയറുന്ന വേദന
ഗോളാകൃതി പൂണ്ട തലച്ചോറിനും തലയോട്ടിക്കും
ഇടയിലെ ശൂന്യതയില്‍ ചൂടു കാറ്റ്‌ ....
തലയനങ്ങുമ്പോള്‍ തലയോട്ടിയില്‍ തട്ടി
നോവുന്ന തലച്ചോര്‍ ...
തലക്കുള്ളില്‍ അല്പം കുമ്മായം കലക്കി ഒഴിക്കണം .
കുടലില്‍ ഇനിയും അലിഞ്ഞു തീരാത്ത
സോമ കണ ങ്ങളുടെ അലച്ചില്‍ ...
കുടല്‍ ഊരിയെടുത്ത്‌ മറിച്ചിട്ടു
ചൂടുള്ള പാറയില്‍ വിരിച്ചു
ചാരം തേച്ചു കഴുകണം ...
അടിവയറ്റിലെ മലമ്പുഴ അണക്കെട്ട്
മുഴുവനും ഒന്നു മുള്ളി തീര്‍ക്കണം ..
ദാഹം ...ഭൂമി പിറന്ന അന്നുമുതല്‍
മഴപെയ്യാത്ത കൊടും ദാഹം
തീരുമോ രണ്ടു ലാര്‍ജ്‌ സമുദ്രത്തില്‍ ...?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ