2010, ഡിസംബർ 17, വെള്ളിയാഴ്‌ച

പൊരുത്തങ്ങള്‍

കണ്ണുകളെ നഗ്നമാക്കുമ്പോള്‍ ആണ് ഞാന്‍
ഏറ്റവും സന്തോഷിച്ചിരുന്നത് എന്നറിഞ്ഞിട്ടും അവള്‍
ലേസര്‍ ലാസിക്‌ ചെയ്യാന്‍ വാശി പിടിച്ചു
കണ്ണട ഊരി എറിഞ്ഞുകളഞ്ഞു

മുടിയിഴകളില്‍ മുഖം പൊത്തികിടക്കുമ്പോള്‍
എനിക്കും മുടുയിഴകള്‍ക്കും ഇടയില്‍
യാതൊന്നും അരുതെന്ന് പറഞ്ഞിട്ടും
കാച്ചെണ്ണ തേച്ചവള്‍ എന്‍റെ മുഖം മെഴുക്കാക്കി

സമ്മതത്തോടെ വല്ലപ്പോഴും രണ്ടെണ്ണം
അതായിരുന്നു എനിക്കിഷ്ടം ..എന്നിട്ടും
അതെതിര്‍ത്തു അവള്‍ ദേഷ്യം പിടിച്ചു
എന്നും പറ്റിച്ചു പറ്റിച്ചു ഞാനൊരു മുഴുകുടിയനായി

ഏതൊരു ശരാശരി കാമുകനെയുംപോലെ
പ്രണയിച്ചപ്പോഴും അല്ലാത്തപ്പോഴും
ഒരു പെണ്‍കുഞ്ഞിനെ... ഒരുമിച്ചു സ്വപ്നം കണ്ടു ...
എന്നിട്ടിപ്പോ കാര്യങ്ങളോട് അടുത്തപ്പോള്‍
അവള്‍ക്കിപ്പോ വേണം 'ചിടുങ്ങാമണി'

ശീതകാലം

അകലെ,അതിശൈത്യത്തിന്റെ വരവറിയിച്ച്
പക്ഷികള്‍ നേരത്തെ കൂടണയാന്‍ പറന്നകലുന്നു
അവക്ക്‌ പുറകെ പറക്കാത്തത്
അണയുവാനൊരു കൂടില്ലാത്തത് കൊണ്ട്

അതിശൈത്യത്തിന്റെ വരവറിയിച്ച്
വരണ്ട ഒരു ശീതക്കാറ്റ് തഴുകി കടന്നുപോകുന്നു
വേനല്‍ ഉണക്കിയും വര്ഷം ഒഴുക്കിയും
ബാക്കിയായ്‌ ഒരു ചെറുചിരി ചുണ്ടില്‍
ശീതക്കാറ്റില്‍ മരവിച്ചു മരിച്ചു പോയ്‌ ..
വേദന കലങ്ങിയ രക്തം തണുത്തുറഞ്ഞു
ഞരമ്പുകളില്‍ വിങ്ങലുകള്‍ മാത്രം ....
ഇവിടെ...ജീവിതത്തിന്റെ മോര്‍ച്ചറിയില്‍
ഇപ്പോള്‍ എല്ലാം ശവശാന്തം .


അവിടെ, നിന്റെ ഗര്‍ഭപാത്രം
കേടൊന്നും കൂടാതെ ഉണ്ടല്ലോ ഇപ്പോഴും ..
നൂണ്ടു കേറികൊള്ളാം ഞാന്‍
എനിക്കവിടെ വസിക്കണം
ഒരു ജന്മത്തിന്റെ പ്രണയം വാടക
മരവിപ്പിന്റെ ശല്‍ക്കങ്ങള്‍ കുടഞ്ഞെറിഞ്ഞു
പ്രാണന്റെ ജരകള്‍ ഊരികളഞ്ഞു ..
എന്റെ ലോകാവസാനം വരേക്കും.

അവസാന വണ്ടിയും പോയൊരു സ്റ്റേഷനില്‍
അസ്ഥിതുളക്കും ശീതക്കാറ്റില്‍ ഉലഞ്ഞ മുടിയിഴകള്‍
ഇടം കൈ കൊണ്ട് കോതിഒതുക്കി
ഞാനിരിപ്പുണ്ടാകും .....
ഇരുളില്‍നിന്നും നീ കയറി വരുമ്പോള്‍
വിശുദ്ധമായ്‌ ഒരു ഗര്‍ഭപാത്രം ....
അതുമാത്രം ..അത്രമാത്രം ഉണ്ടാകണം .

2010, നവംബർ 18, വ്യാഴാഴ്‌ച

സാമൂഹ്യപാഠം

മുടിപരമായ കാര്യങ്ങള്‍ക്ക് എല്ലാര്‍ക്കും
ബാര്‍ബര്‍ തങ്കപ്പേട്ടന്‍ തന്നെ വേണം
തങ്കപ്പേട്ടന്റെ കത്തിയും കത്രികയും
തലയിലും മുഖത്തും
ഓട്ടപ്രദക്ഷിണം കഴിയുമ്പോള്‍
ഷൂമാക്കറെപോലെ തന്കപ്പേട്ടനും
സൂപ്പര്‍സ്റ്റാര്‍നെ പോലെ നാട്ടുകാരും ...

പറമ്പ്‌ കിളക്കാന്‍ എല്ലാര്‍ക്കും
ജോസേട്ടന്‍ തന്നെ വേണം
അളന്നു കുറിച്ചും അളവില്ലാതെയും
തൂമ്പകൊണ്ട് രചിക്കുന്ന കവിതകള്‍,
മണ്ണില്‍ മധുസൂദനന്‍നായര്‍ ആണ് ജോസേട്ടന്‍

തെങ്ങുകയറാന്‍ എല്ലാര്‍ക്കും പ്രിയം ചന്ദ്രേട്ടന്‍
ചന്ദ്രേട്ടന്‍ കയറി തേങ്ങയിട്ടു കുലകെട്ടി
വൃത്തിയാക്കിയ തെങ്ങ് കണ്ടാല്‍
മണ്ഡലം നോമ്പ് കഴിഞ്ഞു താടിമുടി വെട്ടിയ
കുമാരേട്ടനെ പോലെ കുട്ടപ്പന്‍ ആയിരിക്കും

ഇവരെല്ലാരും
അന്നന്നത്തെ അന്നത്തിന് പണിയെടുക്കുന്നോര്‍
അതിനോടുള്ള ആത്മാര്‍ഥത അവരുടെ
പ്രവൃത്തി പരിചയം ...
അതുകൊണ്ട്തന്നെ അവരെ വേണം എല്ലാര്‍ക്കും

എന്നാല്‍ ,
കുഴിയിലേക്ക്‌ നീട്ടിയിരിക്കുന്ന കാല്‍
പുഴുവരിക്കാന്‍ തുടങ്ങിയ അത്രയും
തലമുതിര്‍ന്നവര്‍ .....
ഒരു പുരുഷായുസ്സോളം പരിചയമുള്ളവര്‍
അഞ്ചു കൊല്ലത്തിലൊരിക്കല്‍ വന്നു
ഇരന്നു വാങ്ങും പണി
ഒരുവട്ടം പണി തീര്‍ത്താല്‍
പിന്നെയവരെ ആര്‍ക്കും വേണ്ട

2010, നവംബർ 17, ബുധനാഴ്‌ച

പ്രാണനില്‍ എഴുതിയത് ...

നീ എവിടെ മരിച്ചുവോ ...?
ഇടയ്ക്കെപ്പോഴോ മരിച്ചതാ ഞാന്‍
ഓര്‍മയില്ല എങ്ങനെ മരിച്ചു എന്ന്
പ്രതീക്ഷിച്ചത്‌ ,ഓര്‍മ്മകളുമായി പടവെട്ടി
അതിലൊരു മരണം ..പക്ഷെ
ഞാനവിടെ ജയിച്ചു പോയി ...
ഓര്‍മകളെ കൊന്നൊടുക്കി
ആ ശൂന്യതകളില്‍ വളര്‍ന്ന
ഇരുട്ടിന്റെ അര്‍ബുദങ്ങള്‍ നോവിച്ചിരുന്നു എന്നും
അതിജീവനത്തിനു അര്‍ബുദങ്ങള്‍പ്പുറം
ഓര്‍മകളിലെ ഊര്‍ജ്ജ ഖനനത്തിനിടയില്‍
ഏതോ ഖനിയപകടത്തിലായിരിക്കണം
ഞാന്‍ മരിച്ചത്‌ ...
മരിച്ചാലും മാറാത്ത വേദനകള്‍ ഉണ്ടെന്ന
അറിവായി മരണം ..
ഒന്ന് കാണണം എന്നുണ്ട് ...വേറൊന്നിനും അല്ല,
അറിയുമെങ്കില്‍ അന്ന് പറഞ്ഞു തരണം
അടുത്ത ജന്മത്തില്‍ നമുക്കെവിടെ വച്ച് കാണാം എന്ന്
പ്രാണനില്‍ എഴുതി ചേര്‍ത്ത് നമുക്ക്‌ പിരിയാം

2010, ഒക്‌ടോബർ 31, ഞായറാഴ്‌ച

കാട്ടുമാക്കാന്‍ ഇപ്പോള്‍ കരയാറില്ല

കാട്ടുമാക്കാന്‍ ....ഇനി കരയരുത് നീ ...

ചോരി വായില്‍ പാല്‍ മധുരം നുണഞ്ഞു
കുഞ്ഞി കണ്ണുകള്‍ പൂട്ടി ചിരിക്കുന്ന പൂക്കളെ
സ്വപ്നം കണ്ടു ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ഉറങ്ങുമ്പോള്‍ ....


യജ്ഞ ശാലകളില്‍ ആചാര്യര്‍
ഇസങ്ങളുടെ വന്ധ്യ മേഘങ്ങളില്‍ മഴ മോഹിപ്പിച്ച്
അടവ് നയങ്ങളുടെ അധിരാത്രം നടത്തുമ്പോള്‍ ...


ജീവിതത്തിന്‍റെ സമര പന്തലുകളില്‍ നിന്നും
ഇറക്കിവിടപ്പെട്ടവര്‍ ഉച്ചവെയിലില്‍
ഇനിയൊരു വാക്കും ബാക്കിയില്ലാതെ
തലയുംതാഴ്ത്തി നടന്നകലുമ്പോള്‍ ......


കവിതയുടെ മുത്തരഞ്ഞാണ മണികള്‍
ഉതിര്‍ന്നുരുളും ചിന്തകള്‍ ഇണചേരും
ഹര്‍ഷ യാമങ്ങളിലെ ദേവസല്ലാപങ്ങളില്‍....


കാട്ടുമാക്കാന്‍ ....നിന്‍റെ ശബ്ദം കേള്‍ക്കരുത്‌ ..

തന്റേതു ....എല്ലാം വെറും കരച്ചിലാണെന്നും
കര്‍ണ്ണപുടങ്ങള്‍ക്ക് കളങ്കമാണെന്നും തിര്ച്ചറിഞ്ഞ്,
വിരഹം ,വിശപ്പ്‌ ,സന്തോഷം,പ്രാണനടര്‍ന്നേക്കും
മുന്‍പൊരു ഞരക്കം പോലും അടക്കി
കാട്ടുമാക്കാന്‍ ഇപ്പോള്‍ കരയാറില്ല .

2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

യക്ഷികള്‍ സ്നേഹിക്കപ്പെടുന്നത് ...

എന്തൊക്കെ പറഞ്ഞാലും നിന്റേതു ,
നിന്നിലുള്ളതെല്ലാം വെറും ഈയല്‍ ജന്മങ്ങള്‍
ഒരു സൂര്യന്‍ ഒട്ടും വേണ്ട
കൊടും കാറ്റും പേമാരിയും
കരളില്‍ ഉറങ്ങിയ ഒരു തിരി വെട്ടം
അത് മതി നീ എരിഞ്ഞടങ്ങാന്‍...
ചാറ്റല്‍ മഴകളും ഇളം കാറ്റും ഇഷ്ടപ്പെട്ടു നീ
നിന്നെ പൂക്കളോട് ഉപമിക്കാന്‍ കൊതിച്ചു എന്നും
അഗ്നി ലാവകളില്‍ കരള്‍ മുക്കി പതം വന്ന
കൊടും കാറ്റിനും പേമാരിക്കും മുന്നില്‍
പിടിച്ചു നില്‍ക്കാന്‍ നിനക്ക് പറ്റാതിരുന്നത്
ഈയല്‍ ജന്മത്തിന്‍ ബാക്കി പത്രം ...
നീ...കൊഴിഞ്ഞ പൂക്കളുടെ
വെറുക്കപ്പെട്ട ഭാണ്ഡമാകുമ്പോള്‍ ..
ഇനി സ്വപ്നങ്ങള്‍ക്ക് ഒരു യക്ഷിയെ വേണം
മുത്തശ്ശി കഥകളില്‍ മോഹിപ്പിച്ചു
കൊണ്ടുപോയ് കൊല്ലുന്ന ആ യക്ഷി.
പാലമരചോട്ടില്‍
മോഹത്തിന്റെ ..ഭീതിയുടെ ..ആധിക്യത്ത്തിന്റെ
മാദക രൂപിണി യക്ഷി...
യക്ഷിച്ചിരി..പാലപ്പൂ മണം...
കാട്ടില്‍ കൈതോലമെത്തയില്‍
യക്ഷിയുടെ കടക്കണ്‍ വിളി
കാലം അസ്തമിച്ച്
മഹാ വിസ്ഫോടനത്തിന് വെമ്പും
ഒരു ബിന്ദുവായ് യക്ഷിയില്‍ രതിചിത്രങ്ങള്‍
നഖമുനകളാലും ദംഷ്ട്രകളാലും യക്ഷി
രക്ത ചിത്രങ്ങളില്‍
നിന്റെ തോല്‍വി രചിക്കുന്നു ...
ഒടുക്കം ..കടിച്ചു കഴുത്തിലെ ഞരമ്പ്
പൊട്ടിച്ച് രക്തവും ...
സകല വീര്യങ്ങളും
യക്ഷിയാല്‍ ഊറ്റപ്പെട്ടു
കൈതക്കാട്ടിലൊരു മഹാനിദ്ര .

2010, സെപ്റ്റംബർ 11, ശനിയാഴ്‌ച

മരുഭൂമികള്‍ പടരുന്നത് ....

വിട പറയും മുന്‍പേ ഒരു ചുംബനത്തില്‍
നനഞ്ഞോരെന്‍ ചുണ്ടുകള്‍ ചൂണ്ടുവിരലാല്‍
തുടച്ചു നീയെന്നെ യാത്രയാക്കുമ്പോള്‍
എന്റെ ചുണ്ടിലിനി പടരാന്‍ ബാക്കി
തീ പറക്കുന്നൊരു മരുഭൂമി ....


ഉയിരിനതാവതില്ലെങ്കിലും,പൊന്നേ
നമ്മളോന്നായ്‌ കണ്ട പൊന്‍ കിനാക്കള്‍ക്കായ്‌
പറിഞ്ഞു പ്രാണന്‍ പോന്നല്ലേ പറ്റൂ.....ഇനി വരും വരെ
നിമിഷങ്ങളില്‍ യുഗങ്ങള്‍ കുടിയിരിക്കും മരുസ്ഥലി ...

ഇളം കാറ്റും കുഞ്ഞോളങ്ങളും കളിപറയും പുഴവക്കിലെ
പഞ്ചാരമണലില്‍ ഞാന്‍ വരച്ച നമ്മുടെ കൊച്ചു കൊട്ടാരം
കൊട്ടാര മുറ്റത്ത്‌ നീ വരച്ച ,മുടി രണ്ടായ്‌ പകുത്തിട്ട..നമ്മുടെ
കൊച്ചു പെണ്‍കുട്ടി ലച്ചു ....!


സ്വപ്നങ്ങള്‍ പൂക്കും മരുനാട്ടില്‍ കണ്ടു മണലുരുകും മരുഭൂമി
നീ തല ചായ്ച്ചുറങ്ങാത്ത നെഞ്ച് കനലെരിയും മരുഭൂമി
തിളമണലിലെന്‍ പ്രണയം നൊന്തു ധ്യാനിക്കുന്നു ...
നിന്നിലേക്കിനിയെത്ര മരു ശയന പ്രയാണം....?


പാതിരാവിലെ പാതിയുറക്കത്തിലറിയാതെ
പ്രാണ പ്രിയേ കൈകള്‍ നിന്നെ തിരഞ്ഞതും
നീയടുത്തില്ലാ എന്നറിഞ്ഞതും ഞെട്ടി പിടഞ്ഞുഉണര്‍ന്നെണീറ്റുതും
കണ്ണില്‍ നിന്നടര്‍ന്ന ചുടു കണ്ണീര്‍ തുള്ളികളും .....
പടര്‍ത്തുന്നു ചുറ്റിലും കൊടും മരുഭൂമികള്‍....