2010, നവംബർ 18, വ്യാഴാഴ്‌ച

സാമൂഹ്യപാഠം

മുടിപരമായ കാര്യങ്ങള്‍ക്ക് എല്ലാര്‍ക്കും
ബാര്‍ബര്‍ തങ്കപ്പേട്ടന്‍ തന്നെ വേണം
തങ്കപ്പേട്ടന്റെ കത്തിയും കത്രികയും
തലയിലും മുഖത്തും
ഓട്ടപ്രദക്ഷിണം കഴിയുമ്പോള്‍
ഷൂമാക്കറെപോലെ തന്കപ്പേട്ടനും
സൂപ്പര്‍സ്റ്റാര്‍നെ പോലെ നാട്ടുകാരും ...

പറമ്പ്‌ കിളക്കാന്‍ എല്ലാര്‍ക്കും
ജോസേട്ടന്‍ തന്നെ വേണം
അളന്നു കുറിച്ചും അളവില്ലാതെയും
തൂമ്പകൊണ്ട് രചിക്കുന്ന കവിതകള്‍,
മണ്ണില്‍ മധുസൂദനന്‍നായര്‍ ആണ് ജോസേട്ടന്‍

തെങ്ങുകയറാന്‍ എല്ലാര്‍ക്കും പ്രിയം ചന്ദ്രേട്ടന്‍
ചന്ദ്രേട്ടന്‍ കയറി തേങ്ങയിട്ടു കുലകെട്ടി
വൃത്തിയാക്കിയ തെങ്ങ് കണ്ടാല്‍
മണ്ഡലം നോമ്പ് കഴിഞ്ഞു താടിമുടി വെട്ടിയ
കുമാരേട്ടനെ പോലെ കുട്ടപ്പന്‍ ആയിരിക്കും

ഇവരെല്ലാരും
അന്നന്നത്തെ അന്നത്തിന് പണിയെടുക്കുന്നോര്‍
അതിനോടുള്ള ആത്മാര്‍ഥത അവരുടെ
പ്രവൃത്തി പരിചയം ...
അതുകൊണ്ട്തന്നെ അവരെ വേണം എല്ലാര്‍ക്കും

എന്നാല്‍ ,
കുഴിയിലേക്ക്‌ നീട്ടിയിരിക്കുന്ന കാല്‍
പുഴുവരിക്കാന്‍ തുടങ്ങിയ അത്രയും
തലമുതിര്‍ന്നവര്‍ .....
ഒരു പുരുഷായുസ്സോളം പരിചയമുള്ളവര്‍
അഞ്ചു കൊല്ലത്തിലൊരിക്കല്‍ വന്നു
ഇരന്നു വാങ്ങും പണി
ഒരുവട്ടം പണി തീര്‍ത്താല്‍
പിന്നെയവരെ ആര്‍ക്കും വേണ്ട

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ