2010, ഡിസംബർ 17, വെള്ളിയാഴ്‌ച

പൊരുത്തങ്ങള്‍

കണ്ണുകളെ നഗ്നമാക്കുമ്പോള്‍ ആണ് ഞാന്‍
ഏറ്റവും സന്തോഷിച്ചിരുന്നത് എന്നറിഞ്ഞിട്ടും അവള്‍
ലേസര്‍ ലാസിക്‌ ചെയ്യാന്‍ വാശി പിടിച്ചു
കണ്ണട ഊരി എറിഞ്ഞുകളഞ്ഞു

മുടിയിഴകളില്‍ മുഖം പൊത്തികിടക്കുമ്പോള്‍
എനിക്കും മുടുയിഴകള്‍ക്കും ഇടയില്‍
യാതൊന്നും അരുതെന്ന് പറഞ്ഞിട്ടും
കാച്ചെണ്ണ തേച്ചവള്‍ എന്‍റെ മുഖം മെഴുക്കാക്കി

സമ്മതത്തോടെ വല്ലപ്പോഴും രണ്ടെണ്ണം
അതായിരുന്നു എനിക്കിഷ്ടം ..എന്നിട്ടും
അതെതിര്‍ത്തു അവള്‍ ദേഷ്യം പിടിച്ചു
എന്നും പറ്റിച്ചു പറ്റിച്ചു ഞാനൊരു മുഴുകുടിയനായി

ഏതൊരു ശരാശരി കാമുകനെയുംപോലെ
പ്രണയിച്ചപ്പോഴും അല്ലാത്തപ്പോഴും
ഒരു പെണ്‍കുഞ്ഞിനെ... ഒരുമിച്ചു സ്വപ്നം കണ്ടു ...
എന്നിട്ടിപ്പോ കാര്യങ്ങളോട് അടുത്തപ്പോള്‍
അവള്‍ക്കിപ്പോ വേണം 'ചിടുങ്ങാമണി'

ശീതകാലം

അകലെ,അതിശൈത്യത്തിന്റെ വരവറിയിച്ച്
പക്ഷികള്‍ നേരത്തെ കൂടണയാന്‍ പറന്നകലുന്നു
അവക്ക്‌ പുറകെ പറക്കാത്തത്
അണയുവാനൊരു കൂടില്ലാത്തത് കൊണ്ട്

അതിശൈത്യത്തിന്റെ വരവറിയിച്ച്
വരണ്ട ഒരു ശീതക്കാറ്റ് തഴുകി കടന്നുപോകുന്നു
വേനല്‍ ഉണക്കിയും വര്ഷം ഒഴുക്കിയും
ബാക്കിയായ്‌ ഒരു ചെറുചിരി ചുണ്ടില്‍
ശീതക്കാറ്റില്‍ മരവിച്ചു മരിച്ചു പോയ്‌ ..
വേദന കലങ്ങിയ രക്തം തണുത്തുറഞ്ഞു
ഞരമ്പുകളില്‍ വിങ്ങലുകള്‍ മാത്രം ....
ഇവിടെ...ജീവിതത്തിന്റെ മോര്‍ച്ചറിയില്‍
ഇപ്പോള്‍ എല്ലാം ശവശാന്തം .


അവിടെ, നിന്റെ ഗര്‍ഭപാത്രം
കേടൊന്നും കൂടാതെ ഉണ്ടല്ലോ ഇപ്പോഴും ..
നൂണ്ടു കേറികൊള്ളാം ഞാന്‍
എനിക്കവിടെ വസിക്കണം
ഒരു ജന്മത്തിന്റെ പ്രണയം വാടക
മരവിപ്പിന്റെ ശല്‍ക്കങ്ങള്‍ കുടഞ്ഞെറിഞ്ഞു
പ്രാണന്റെ ജരകള്‍ ഊരികളഞ്ഞു ..
എന്റെ ലോകാവസാനം വരേക്കും.

അവസാന വണ്ടിയും പോയൊരു സ്റ്റേഷനില്‍
അസ്ഥിതുളക്കും ശീതക്കാറ്റില്‍ ഉലഞ്ഞ മുടിയിഴകള്‍
ഇടം കൈ കൊണ്ട് കോതിഒതുക്കി
ഞാനിരിപ്പുണ്ടാകും .....
ഇരുളില്‍നിന്നും നീ കയറി വരുമ്പോള്‍
വിശുദ്ധമായ്‌ ഒരു ഗര്‍ഭപാത്രം ....
അതുമാത്രം ..അത്രമാത്രം ഉണ്ടാകണം .