2010, ഒക്‌ടോബർ 31, ഞായറാഴ്‌ച

കാട്ടുമാക്കാന്‍ ഇപ്പോള്‍ കരയാറില്ല

കാട്ടുമാക്കാന്‍ ....ഇനി കരയരുത് നീ ...

ചോരി വായില്‍ പാല്‍ മധുരം നുണഞ്ഞു
കുഞ്ഞി കണ്ണുകള്‍ പൂട്ടി ചിരിക്കുന്ന പൂക്കളെ
സ്വപ്നം കണ്ടു ഞങ്ങളുടെ കുഞ്ഞുങ്ങള്‍ ഉറങ്ങുമ്പോള്‍ ....


യജ്ഞ ശാലകളില്‍ ആചാര്യര്‍
ഇസങ്ങളുടെ വന്ധ്യ മേഘങ്ങളില്‍ മഴ മോഹിപ്പിച്ച്
അടവ് നയങ്ങളുടെ അധിരാത്രം നടത്തുമ്പോള്‍ ...


ജീവിതത്തിന്‍റെ സമര പന്തലുകളില്‍ നിന്നും
ഇറക്കിവിടപ്പെട്ടവര്‍ ഉച്ചവെയിലില്‍
ഇനിയൊരു വാക്കും ബാക്കിയില്ലാതെ
തലയുംതാഴ്ത്തി നടന്നകലുമ്പോള്‍ ......


കവിതയുടെ മുത്തരഞ്ഞാണ മണികള്‍
ഉതിര്‍ന്നുരുളും ചിന്തകള്‍ ഇണചേരും
ഹര്‍ഷ യാമങ്ങളിലെ ദേവസല്ലാപങ്ങളില്‍....


കാട്ടുമാക്കാന്‍ ....നിന്‍റെ ശബ്ദം കേള്‍ക്കരുത്‌ ..

തന്റേതു ....എല്ലാം വെറും കരച്ചിലാണെന്നും
കര്‍ണ്ണപുടങ്ങള്‍ക്ക് കളങ്കമാണെന്നും തിര്ച്ചറിഞ്ഞ്,
വിരഹം ,വിശപ്പ്‌ ,സന്തോഷം,പ്രാണനടര്‍ന്നേക്കും
മുന്‍പൊരു ഞരക്കം പോലും അടക്കി
കാട്ടുമാക്കാന്‍ ഇപ്പോള്‍ കരയാറില്ല .